ബാറ്റ് മോഷ്ടിക്കാന്‍ അടുത്ത വീട്ടിൽ കയറിയ 14കാരന്‍, പത്തു വയസ്സുകാരിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ഹൈദരാബാദിലെ കുകത്പള്ളിയിലെ സംഗീത് നഗറിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ 21 തവണ കുത്തേറ്റിട്ടുണ്ട്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് സഹസ്ര എന്ന പെണ്‍കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.സംഭവം നടന്ന് നാലാം ദിവസമാണ് 14 വയസ്സുകാരന്‍ പിടിയിലായത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് മെക്കാനിക്കും മാതാവ് ലാബ് ടെക്നീഷ്യനുമാണ്. ഇരുവരും ജോലിക്കും ആറു വയസ്സുള്ള സഹോദരന്‍ സ്‌കൂളിലും പോയ സമയത്തായിരുന്നു കൊലപാതകം. പെണ്‍കുട്ടിയുടെ പിതാവ് ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീടിൻ്റെ മുന്‍വാതില്‍ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് മരിച്ചുകിടക്കുന്ന മകളെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചോദ്യം ചെയ്യലില്‍ 14 കാരൻ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കുന്നതിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് 14 വയസ്സുകാരൻ്റെ മൊഴി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു