പാര്‍ട്ടി രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആരോപണങ്ങളില്‍ ഇതുവരെയും തനിക്കെതിരെ ആരും പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല. പരാതി വന്നാല്‍ നീതിന്യായ സംവിധാനത്തില്‍ നിരപരാധിത്വം തെളിയിക്കും എന്നും രാഹുല്‍ പറഞ്ഞു. ആരോപണത്തില്‍ ഹൂ കെയേര്‍സ് പ്രതികരണത്തിന് ശേഷം ആദ്യമായാണ് വിഷയത്തില്‍ രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

വിഷയത്തില്‍ പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്‍റ്, എഐസിസി ജനറല്‍ സെക്രട്ടറി, കെപിസിസി പ്രസിഡന്‍റ്, ഉള്‍പ്പെടെയുള്ള നേതാക്കളുമായി സംസാരിച്ചു. ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച യുവ നടി തന്‍റെ അടുത്ത സുഹൃത്താണ്. യുവ നേതാവിനെതിരെ അവര്‍ ആരോപണം ഉന്നയിച്ചെങ്കിലും തന്‍റെ പേര് പറഞ്ഞിട്ടില്ല.

അവര്‍ തന്നെക്കുറിച്ചാണ് പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ല. ഇപ്പോഴും അടുത്ത സുഹൃത്താണ്. ആരും തന്‍റെ പേര് ഗൗരവതരമായി പറഞ്ഞിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവര്‍ത്തിച്ചു. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന യുവതിയുടെ ഫോണ്‍ സംഭാഷണവും രാഹുല്‍ മാങ്കൂട്ടത്തില്‍ തള്ളി.

‘ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ? ഇത്തരം സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാത്ത കാലമല്ലല്ലോ. പരാതി ആരും പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു എംഎല്‍എയുടെ മറുപടി. പുറത്തു വന്ന ഓഡിയോയുടെ ആധികാരികത ചോദ്യം ചെയ്തു കൊണ്ടായിരുന്നു രാഹുലിന്‍റെ മറുപടി.

Related Posts