ചെന്നൈ വിമാനത്താവളത്തിൽ എയർ ഏഷ്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി. ക്വാലാലംപൂരിൽ നിന്ന് കോഴിക്കോട്ടേക്ക് 147 യാത്രക്കാരുമായി പോവുകയായിരുന്ന എയർ ഏഷ്യ വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ഇന്നലെ രാത്രി 11.25 ന് ആയിരുന്നു സംഭവം. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അടിയന്തര ലാൻഡിങ്.
ചെന്നൈ എയർ ട്രാഫിക് കൺട്രോളിനെ പൈലറ്റ് വിവരം അറിയിച്ചതിനു പിന്നാലെ വിമാനം ഉടൻ ലാൻഡ് ചെയ്യാൻ നിർദേശം നൽകുകയായിരുന്നു. ആംബുലൻസുകളും അഗ്നിരക്ഷാ സേനയും ഉൾപ്പെടെ എല്ലാ അടിയന്തര സേവനങ്ങളും വിന്യസിച്ച ശേഷമാണ് ലാൻഡിങ്ങിനു നിർദേശം നൽകിയത്. നിലവിൽ വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിലാണ് യാത്രക്കാർ. ഇന്നു വൈകിട്ട് 5 മണിക്ക് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെടും.