വെളിച്ചെണ്ണ വില കൊപ്രവില കുറഞ്ഞതോടെ കുറഞ്ഞു തുടങ്ങി. സംസ്ഥാന സർക്കാരിന്‍റെ കീഴിലുള്ള കേരഫെഡിന്‍റെ കേര വെളിച്ചെണ്ണ വില ലിറ്ററിന് 50 രൂപ കുറഞ്ഞു. ലിറ്ററിന് 529 രൂപയായിരുന്ന കേര വെളിച്ചെണ്ണയുടെ വില ഇപ്പോൾ 479 ആയി. കുറഞ്ഞ നിരക്കിലുള്ള വെളിച്ചെണ്ണ കേരഫെഡ് വിപണിയിലെത്തിച്ചു തുടങ്ങി.

ഓണത്തോടനുബന്ധിച്ച് ലിറ്ററിന് 457 രൂപയ്ക്ക് 2 ലക്ഷം ലിറ്റർ വെളിച്ചെണ്ണ സപ്ലൈക്കോയ്ക്കും നൽകിയിട്ടുണ്ട്. സബ്‌സിഡി നിരക്കായ 349 രൂപയ്ക്ക് സപ്ലൈക്കോയുടെ ശബരി വെളിച്ചെണ്ണ ഉപഭോക്താക്കൾക്കു ലഭിക്കും. സപ്ലൈകോയുടെയും കേരഫെഡിന്‍റെയും ചേർത്ത് ഒരു റേഷൻകാർഡുടമയ്ക്ക് രണ്ട് ലിറ്റർ വെളിച്ചെണ്ണ കുറഞ്ഞ നിരക്കിൽ ലഭിക്കും.

കൊപ്രവില കുറഞ്ഞത് കനത്ത തിരിച്ചടിയായത് കേരളത്തിലെ കൊപ്ര വ്യാപാരികൾക്കാണ്. ഓണത്തിന് വെളിച്ചെണ്ണ ഉത്പാദനത്തിനായി കൊപ്രയുടെ ആവശ്യകത കൂടുമെന്ന വിലയിരുത്തലിൽ വ്യാപാരികൾ കൊപ്ര വാങ്ങി സൂക്ഷിച്ചിരുന്നു.

Related Posts