ഇസ്രായേൽ സുരക്ഷാ കാബിനറ്റ് ഗസ്സ നഗരം പൂർണമായി കീഴ്പ്പെടുത്താൻ അംഗീകാരം നൽകിയതിനെതിരെ ബന്ദികളുടെ ബന്ധുക്കളും ഇസ്രായേൽ പ്രതിപക്ഷവും രംഗത്ത്. വധശിക്ഷയ്ക്ക് ബന്ദികളെ വിധിക്കുന്നതാണ് മന്ത്രിസഭയുടെ മണ്ടൻ തീരുമാനമെന്നും അത് വൻ ദുരന്തത്തിന് കാരണമാകുമെന്നും ബന്ദികളുടെ മോചനത്തിനായി പ്രവൃത്തിക്കുന്ന സംഘടന ആരോപിച്ചു.
“ജീവിച്ചിരിക്കുന്ന ബന്ദികളെ വധശിക്ഷക്കും മരിച്ചുപോയ ബന്ദികളെ കാണാതാകുന്നതിനും ഇസ്രായേൽ സർക്കാർ ഇന്ന് രാത്രി വിധിച്ചു” -ഹോസ്റ്റേജസ് ഫോറം പ്രസ്താവനയിൽ ആരോപിച്ചു. “സൈനിക നേതൃത്വത്തിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകളും ഇസ്രായേലിലെ ഭൂരിഭാഗം പൊതുജനങ്ങളുടെയും ആവശ്യവും പൂർണ്ണമായും അവഗണിച്ചുകൊണ്ട് ഗസ്സ മുനമ്പ് കീഴ്പ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം ബന്ദികളെ ഉപേക്ഷിക്കുന്നതിൻ്റെ ഔദ്യോഗിക പ്രഖ്യാപനമാണ്.
ഐ.ഡി.എഫ് സൈനികരെയും ബന്ദികളെയും മഹാ ദുരന്തത്തിലേക്ക് നയിക്കുന്ന മാപ്പർഹിക്കാത്ത മണ്ടൻ നീക്കമാണിത് പ്രസ്താവനയിൽ ആരോപിക്കുന്നു. യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ തിരികെ കൊണ്ടുവരാനുമുള്ള കരാർ ഒപ്പിട്ടാൽ ഈ ദുരന്തം മറികടക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.