3 സ്ത്രീകളുടെ തിരോധാനക്കേസിൽ ആരോപണ വിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യൻ 17-ാം വയസ്സിൽ ബന്ധുക്കൾക്കു ഭക്ഷണത്തിൽ വിഷം കലർത്തി നൽകി വധിക്കാൻ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57), കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52), ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജെയ്നമ്മ (ജെയ്ൻ മാത്യു -54) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റിയനെ അറസ്റ്റ് ചെയ്തത്. സ്വത്തിനും സ്വർണ്ണത്തിനുമായി സ്ത്രീകളെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ സംശയം
സെബാസ്റ്റ്യന്റെ കുടുംബവും പിതൃസഹോദരൻ്റെ കുടുംബവുമായി കുടുംബ ഓഹരി വീതം വച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. സെബാസ്റ്റ്യൻ ഇതിലുള്ള വിരോധത്തിലാണ് പിതൃസഹോദരൻ്റെ വീട്ടിലെത്തി ഭക്ഷണത്തിൽ വിഷം കലർത്തിയത്. ഭക്ഷണം കഴിച്ച 3 പേർ അവശനിലയിൽ ആശുപത്രിയിലായെന്നു സെബാസ്റ്റ്യന്റെ അയൽവാസിയായ ടി.ആർ.ഹരിദാസ് പറഞ്ഞു. ഇതു സംബന്ധിച്ചു അന്ന് പൊലീസിൽ പരാതിയൊന്നും നൽകിയിരുന്നില്ല. എന്നാൽ സെബാസ്റ്റ്യൻ്റെ ഒരു ബന്ധു കഴിഞ്ഞ ദിവസം ഈ സംഭവുമായി ബന്ധപ്പെട്ടു പൊലീസിനു മൊഴി നൽകി.
10 വരെ പഠിച്ച സെബാസ്റ്റ്യൻ അതിനു ശേഷം സ്വകാര്യ ബസിൽ ക്ലീനറായി ജോലി ചെയ്തു. പിന്നീട് ടാക്സി ഡ്രൈവറായി. റിയൽ എസ്റ്റേറ്റ് ബ്രോക്കറായത് അതിനു ശേഷമാണ്. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ, വാരനാട് സ്വദേശി ഐഷ എന്നിവരെ വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് പരിചയപ്പെടുന്നത്. 50-ാം വയസ്സിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ ശേഷം ഏറ്റുമാനൂരിലെ ഭാര്യവീട്ടിലായിരുന്നു താമസം.