സ്കൂളിൽ വച്ച് ഷോക്കേറ്റ് വിദ്യാർഥിയായ മിഥുൻ മരിച്ച സംഭവത്തിൽ നടപടിയെടുത്ത് കെഎസ്ഇബി. കൊല്ലം തേവലക്കര സെക്ഷനിലെ ഓവർസിയറായ ബിജു എസിനെ സസ്പെൻഡ് ചെയ്തു. തേവലക്കര ബോയ്സ് സ്കൂളിന്റെ ക്ലാസ് മുറിയോട് ചേർന്ന കെട്ടിടത്തിലെ തകര ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിയ മിഥുന് മുകളിലൂടെ പോയ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
നേരത്തെ സംഭവത്തിന് പിന്നാലെ സ്കൂളിലെ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തു. കൂടാതെ കൊല്ലം തേവലക്കര ബോയ്സ് സ്കൂൾ മാനേജ്മെൻ്റിനെയും സർക്കാർ പിരിച്ചു വിട്ടിരുന്നു. വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെൻ്റിനെതിരേ സർക്കാർ നടപടിയെടുത്തത്.