അബുദാബിയില്‍ കണ്ണൂര്‍ സ്വദേശിനിയായ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മി (54)യാണ് മരിച്ചത്. മുസഫ ലൈഫ് കെയര്‍ ഹോസ്പിറ്റലില്‍ ദന്ത ഡോക്ടര്‍ ആയിരുന്നു. 2 ദിവസമായി ഫോണില്‍ വിളിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്.

തിങ്കളാഴ്ച ജോലിസ്ഥലത്തും അവര്‍ പോയിരുന്നില്ല. 10 വര്‍ഷത്തിലേറെയായി പ്രവാസിയാണ്. നേരത്തേ കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. അബുദാബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ്. അവര്‍ സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്നു.

കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സര്‍വീസ് ഉടമസ്ഥനായിരുന്ന പരേതനായ നാരായണന്‍റെയും ചന്ദ്രമതിയുടെയും മകളാണ്. ഭര്‍ത്താവ് സുജിത്ത് നാട്ടിലാണ്. മക്കളില്ല. സഹോദരങ്ങള്‍: ആനന്ദകൃഷ്ണന്‍, ശിവറാം, ഡോ.സീതാലക്ഷ്മി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ നടപടികള്‍ പുരോഗമിക്കുന്നു.

Related Posts