കൊല്ലം സ്വദേശിനി അതുല്യയെ ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം കേരളത്തിലെത്തിച്ചതിനു ശേഷം റീ പോസ്റ്റ്മോർട്ടം ചെയ്യും. യുവതിയുടെ ഭർത്താവ് സതീഷിനായി ലുക്കൗട്ട് നോട്ടിസ് ഇറക്കാനാണ് തീരുമാനം. ഇയാളുടെ പാസ്പോർട്ട് നിലവിൽ ഷാർജ പോലിസ് കസ്റ്റഡിയിൽ എടുത്തു. അതുല്യയുടെ മരണം അന്വേഷിക്കുന്നത് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ്. ഇന്ന് പ്രത്യേക അന്വേഷണ സംഘം യോഗം ചേരും.
കൊല്ലം തേവലക്കര സ്വദേശി അതുല്യയെ ഇക്കഴിഞ്ഞ ദിവസമാണ് ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഭർത്താവ് സതീശനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളുടെ പീഡനമാണ് മരണകാരണമെന്ന് അതുല്യയുടെ കുടുംബവും സുഹൃത്തുക്കളും ഉറപ്പിച്ചുപറയുന്നു. ഇത് ശരിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും വാട്‌സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും ഒട്ടേറെയുണ്ട്.