കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിത്രകാരന്മാരുടെ സംഘടനയായ വൺ ആർട്ട് നേഷനിന്റെ ആഭിമുഖ്യത്തിൽ കർണാടക ചിത്രകല പരിഷത്തിൽ ഗാലറിയിൽ, നടക്കുന്ന ഏകാങ്ക ചിത്രപ്രദർശനവും സംഘ ചിത്രപ്രദർശനവും ഞായറാഴ്ച സമാപിക്കും.
ബാലകൃഷ്ണൻ കതിരൂർ, ബിന്ദു പി. നമ്പ്യാർ, അനീഷ് ആര്യ, പി.കെ. ഭാഗ്യലക്ഷ്മി, സി.പി. ദിലീപ് കുമാർ, കെ.കെ.ആർ വെങ്ങര, സന്തോഷ് ആലക്കാട്ട്, വത്സൻ കൂർമ കൊല്ലേരി, നിഗേഷ് കരുണാകരൻ എന്നിവരുടെ സംഘ ചിത്ര പ്രദർശനവും വൺ ആർട്ട് നേഷൻ ആർട്ട് ഗ്രൂപ്പിൻ്റെ ചെയർമാൻ ധനേഷ് മാമ്പയുടെ ഏകാങ്ക പ്രദർശനവുമാണ് നടക്കുന്നത്. ജലഛായത്തിലും അക്രിലിക് നിറങ്ങളിലുമുള്ള എഴുപതോളം ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്.
പരസ്യ മേഖലയിൽ 25 വർഷത്തോളം പ്രവർത്തിച്ച ധനേഷ്, കറുപ്പ്, വെളുപ്പ്, ചാര നിറങ്ങളിൽ കടലോരത്തെ കാഴ്ചകളും അക്രിലിക് പെയിൻ്റിങ്ങിലൂടെ ഗ്രാമീണ കാഴ്ചകളും ആസ്വാദകർക്ക് മുന്നിൽ വരച്ചിടുന്നു. നിത്യ ജീവിതത്തിൽ കണ്ടുമുട്ടുന്ന മനുഷ്യ ജീവിതത്തിന്റെ നേർക്കാഴ്ചകളിലേക്ക് വരകളിലൂടെയും വർണങ്ങളിലുടെയും വിരൽ ചൂണ്ടുകയാണ് ചിത്രങ്ങൾ.
വാസവദത്തയുടെ കാത്തിരിപ്പുകളും രാധാ കൃഷ്ണ പ്രണയവും ആസ്വാദകർക്ക് പ്രണയത്തിന്റെ നിറഭേദങ്ങൾ തുറന്നു കാട്ടുന്നു. 2023 ആഗസ്റ്റിൽ ആരംഭിച്ച വൺ ആർട്ട് നേഷൻ കുട്ടികൾക്കും മുതിർന്നവർക്കുമായി മത്സരങ്ങൾ, ചിത്രകല പ്രദർശനങ്ങൾ, ക്യാമ്പുകൾ, സെമിനാറുകൾ എന്നിവ നടത്തിവരുന്നുണ്ട്. ഞായറാഴ്ച പ്രദർശനം സമാപിക്കും.