മഴക്കെടുതിയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മരണ സംഖ്യ ഉയരുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 110 ആയി. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 35 പേരെ കാണാതായി. സംസ്ഥാനത്ത് 1,220 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതയാണ് സർക്കാർ കണക്കുകൾ. 250 ത്തിലധികം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

ഇന്ന് ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലേർട്ടാണ്. രാജസ്ഥാനിലും ശക്തമായ മഴ തുടരുകയാണ്. 5 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഉത്തരഖണ്ഡ്, ഉത്തർ പ്രദേശ്, ജാർഖണ്ഡ്, ഒഡിഷ, മധ്യ പ്രദേശ് എന്നിവിടങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. യെല്ലോ അലേർട്ട് ദില്ലിയിൽ തുടരുകയാണ്. വടക്കൻ സംസ്ഥാനങ്ങളിൽ അടുത്ത 4 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്

ഇന്ന് കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴ പെയ്യും.5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. അടുത്ത 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. 4 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്.

Related Posts