ആരോ ഫോൺ സുരക്ഷാവേലിക്ക് മുകളിലൂടെ എറിഞ്ഞതിന് പിന്നാലെ വൈറ്റ് ഹൗസിൽ ‘ലോക്ക്ഡൗൺ’. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നോർത്ത് ലോണിലെ വേലിക്ക് മുകളിലൂടെ ഫോൺ എറിഞ്ഞത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സീക്രട്ട് സർവീസ് ഏജന്റുമാർ വൈറ്റ് ഹൗസിൽ കടുത്ത സുരക്ഷാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തുടർന്ന് ഏതാനും സമയത്തേക്ക് വൈറ്റ് ഹൗസ് താത്കാലികമായി അടച്ചുപൂട്ടിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പെട്ടെന്നുള്ള സുരക്ഷാനിയന്ത്രണങ്ങൾക്ക് കാരണമായത് ആരോ വേലിക്ക് മുകളിലൂടെ ഫോൺ എറിഞ്ഞതാണ് എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പിന്നീട് സ്ഥിരീകരിച്ചു. വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മഹോനുമായി സംഭവസമയത്ത് സംസാരിക്കാനെത്തിയ മാധ്യമപ്രവർത്തകർ സ്ഥലത്തുണ്ടായിരുന്നു. സുരക്ഷാ ഏജൻ്റുമാർ അതിവേഗം ഇവരെ ജെയിംസ് എസ്. ബ്രാഡി ബ്രീഫിങ് റൂമിലേക്ക് മാറ്റി.
സീക്രട്ട് സർവീസ് വൈറ്റ് ഹൗസിൽ ലോക്ക്ഡൗൺ ഇതിനുപിന്നാലെയാണ് നടപ്പാക്കിയത്. താത്കാലികമായി അടയ്ക്കുകയും ചെയ്തു. ചൊവ്വാഴ്ച പകൽ 11.56-ഓടെ സുരക്ഷാ നിയന്ത്രണങ്ങൾ നീക്കിയെന്നും മാധ്യമ പ്രവർത്തകരെ നോർത്ത് ലോണിലേക്ക് മടങ്ങാൻ അനുവദിച്ചെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം, സംഭവത്തിൽ വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
അതേസമയം പ്രസിഡൻ്റ് ട്രംപിൻ്റെ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളെയൊന്നും വൈറ്റ് ഹൗസിലുണ്ടായ താത്കാലിക ലോക്ക്ഡൗൺ ബാധിച്ചില്ല. വൈറ്റ് ഹൗസില്‍ കഴിഞ്ഞ മാര്‍ച്ചിലും സുരക്ഷാവീഴ്ചയുണ്ടായിരുന്നു. ഒരു കുട്ടി എല്ലാവരുടെയും കണ്ണുവെട്ടിച്ച് വൈറ്റ് ഹൗസ് വളപ്പിലേക്ക് കടന്നതാണ് പ്രശ്നമായത്. തുടര്‍ന്ന് സീക്രട്ട് സര്‍വീസ് ഏജന്റ് കുട്ടിയെ തിരികെ മാതാപിതാക്കളുടെ അടുത്ത് എത്തിക്കുകയായിരുന്നു.