നിപ റിപ്പോർട്ട് ചെയ്‌ത പാലക്കാട് ഉള്ള രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 112 പേർ ഉൾപ്പെട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി. പ്രദേശത്ത് കണ്ടൈൻമെന്‍റ് സോൺ പ്രഖ്യാപിച്ച് ഫീൽഡ്‌ തല പ്രവർത്തനങ്ങളും ഫീവർ സർവൈലൻസും ശക്തമാക്കി. സ്ഥലം സന്ദർശിച്ച് ആരോഗ്യ വകുപ്പിൻ്റെ വിദഗ്‌ധ ടീം തുടർനടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

നിപ സമ്പർക്കപ്പട്ടികയിൽ വിവിധ ജില്ലകളിലായി ആകെ 609 പേരാണ് ഉള്ളത്. അതിൽ 112 പേർ പാലക്കാട് നിപ റിപ്പോർട്ട് ചെയ്‌ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ്. പാലക്കാട് 286 പേരും മലപ്പുറം ജില്ലയിൽ 207 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് രണ്ട് പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 8 പേരാണ് മലപ്പുറത്ത് ഐസിയു ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയിൽ ഇതുവരെ 72 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. 5 പേർ പാലക്കാട് ഐസൊലേഷനിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 38 പേർ ഹൈയസ്റ്റ് റിസ്‌കിലും 133 പേർ ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.

Related Posts