ഞായറാഴ്‌ച ദക്ഷിണ ബംഗളൂരു ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ പിതാവും മകനും ഉൾപ്പെടെ 3 പേർ സംഭവസ്ഥലത്ത് മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമാണ്. മൈസുരു ബംഗളൂരു അതിവേഗ പാതയിൽ രാമനഗര താലൂക്കിലെ ജയപുര ഗേറ്റിന് സമീപം രാവിലെ കാർ സംരക്ഷണ ഭിത്തിയിൽ ഇടിച്ചാണ് അപകടം. ചിക്കനായകനഹള്ളി സ്വദേശിയായ തമ്മന്ന ഗൗഡ (56), മകൻ മുത്തുരാജ് (28), ഹാസൻ സ്വദേശിയായ സച്ചിൻ (27) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഞ്ജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കർണാടക മധുവിനകോടി ഗ്രാമത്തിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപെട്ടത്. രാമനഗര ട്രാഫിക് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ കാരണം പോലീസിന് കണ്ടെത്താനായിട്ടില്ല. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് സ്വിഫ്റ്റ് കാർ ദേശീയപാതയിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചാണ് അപകടത്തിൽപെട്ടതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നു. കൂട്ടിയിടിയുടെ ആഘാതം വളരെ ഗുരുതരമായിരുന്നതിനാൽ കാർ പൂർണമായും തകർന്നുവെന്ന് പോലിസ് പറഞ്ഞു.

Related Posts