തെരുവുനായകള്‍ക്ക് ഇനി ‘സസ്യേതര’ ഭക്ഷണം ലഭിക്കും. ബെംഗളൂരുവിൽ ഇതിനായി പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കോര്‍പ്പറേഷന്‍. ഒരു ദിവസം ഒരു നേരം കോഴിയിറച്ചിയും ചോറുമടങ്ങിയ ഭക്ഷണം നല്‍കാനാണ് തീരുമാനം. ബെംഗളൂരു നഗരത്തിലെ 5000 തെരുവുനായകള്‍ക്ക് ഭക്ഷണം ലഭിക്കും. 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയില്‍ എന്നിവ ഓരോ നായയുടെയും ഭക്ഷണത്തില്‍ അടങ്ങിയിരിക്കണമെന്നാണ് നിര്‍ദേശം.

ഒരു നായയുടെ ഭക്ഷണത്തിൻ്റെ ചെലവ് കണക്കാക്കുന്നത് 22.42 രൂപയാണ്. 2.9 കോടി രൂപയാണ് ഒരു വർഷത്തേക്ക് പദ്ധതിക്കായി ബിബിഎംപി നീക്കിവെച്ചത്. നഗരത്തിലെ തെരുവുനായകൾക്ക് നേരത്തേയും ബിബിഎംപി ഭക്ഷണം എത്തിച്ചു നൽകിയിട്ടുണ്ട്. എന്നാൽ, ഇതാദ്യമായാണ് സസ്യേതരഭക്ഷണം പാകം ചെയ്തു നൽകുന്നത്.
മൃഗസംരക്ഷണ മാർഗരേഖയും ആനിമൽ വെൽഫെയർ ബോർഡിന്‍റെ നിർദേശങ്ങളും അനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കുന്നതിനാണ് അവയ്ക്ക് ഭക്ഷണം നൽകാൻ തീരുമാനിച്ചതെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ സുരാൽകർ വ്യാസ് പറഞ്ഞു. ബെംഗളൂരു നഗരത്തിൻ്റെ 8 സോണുകളിൽ ഓരോ സോണിനും 36 ലക്ഷം രൂപവീതം അനുവദിക്കും. ഓരോസോണിലും നൂറുവീതം കേന്ദ്രങ്ങളിൽ ഭക്ഷണവിതരണം നടക്കും.

500 നായകൾക്ക് ഓരോ കേന്ദ്രത്തിലും ഭക്ഷണം നൽകുമെന്നും അദ്ദേഹം അറിയിച്ചു. നഗരവാസികൾ പദ്ധതിയോട് സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. നല്ലകാര്യമെന്ന് മൃഗസ്നേഹികൾ പറയുമ്പോൾ അനാവശ്യചെലവാണ് നടത്തുന്നതെന്ന് മറുവിഭാഗം ആരോപിക്കുന്നുണ്ട്.

Related Posts