ഈ വർഷം കർണാടകയിലെ നഴ്സിങ് കോളേജുകളിൽ ഫീസ് വർദ്ധനയുണ്ടാകില്ല. മാനേജ്മെന്റ് അസോസിയേഷന്റെ ഫീസ് വർദ്ധിപ്പിക്കണമെന്ന ആവശ്യം സർക്കാർ തള്ളി. മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി ശരൺ പ്രകാശ് പാട്ടീൽ അസോസിയേഷൻ ഓഫ് നഴ്സിങ് കോളേജ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഗ്രാമീണമേഖലയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ് നഴ്സിങ് വിദ്യാർഥികളിലധികവും ആയതിനാൽ ഫീസ് വർദ്ധന അംഗീകരിക്കാനാവില്ലെന്ന് മന്ത്രി നിലപാടെടുക്കുകയായിരുന്നു.
നഴ്സിങ് കോളേജുകളിൽ സർക്കാർ ക്വാട്ടയിലുള്ള ബിഎസ്സി നഴ്സിങ് സീറ്റുകൾക്ക് 10,000 രൂപയാണ് നിലവിൽ വാർഷിക ഫീസ്. കർണാടകത്തിന് പുറത്തുനിന്നുവരുന്ന വിദ്യാർഥികൾക്ക് 1.4 ലക്ഷം രൂപയും മാനേജ്മെന്റ് ക്വാട്ടയിലെ സീറ്റിൽ ഒരുലക്ഷം രൂപയുമായാണ് ഫീസ്. ഈ ഫീസ് ഘടന തുടരുമെന്ന് മന്ത്രി അറിയിച്ചു. ഇത് ലംഘിക്കുന്ന കോളേജുകൾക്ക് ഫൈൻ ഈടാക്കുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കർണാടകത്തിലുള്ളത് 611 കോളേജുകളിലായി 35,000-ഓളം നഴ്സിങ് സീറ്റുകളാണ്. ഇതിൽ 20 ശതമാനമാണ് സർക്കാർ ക്വാട്ട. ബാക്കി മാനേജ്മെന്റ് ക്വാട്ടയിലാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്.