റമദാനിൻ്റെ പ്രഭാതങ്ങളിൽ 20 വർഷത്തിലേറെയായി ആവശ്യക്കാർക്ക് അത്താഴവുമായെത്തുന്ന ഒരുകൂട്ടം യുവജനങ്ങളുടെ കൂട്ടായ്മയാണ് ബാംഗ്ലൂർ സഹരി. അത്താഴം നല്കുന്നവരെയും ആവശ്യക്കാരെയും തമ്മില്‍ കോര്‍ത്തിണക്കുന്ന കണ്ണിയാണ് ബാംഗളൂര്‍ സഹരി. തുടക്കത്തിൽ നഗരത്തിൽ നിന്ന് അകന്നു കഴിയുന്ന വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്.
ആവശ്യമുള്ളവർക്ക് അടുത്തുള്ള പള്ളികളിൽ വന്നു ഭക്ഷണം കഴിക്കാമെന്ന രീതിയിൽ തുടങ്ങിയ പദ്ധതി പിന്നീട് ആശുപത്രികളിൽ രോഗികളെ ശുശ്രൂഷിക്കുന്ന ആളുകൾക്ക് അത്താഴം ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവർക്കും അത്താഴം എത്തിച്ച് നൽകാൻ തുടങ്ങി.
പി.ജികളിലും ഹോസ്റ്റലുകളിലും താമസിക്കുന്നവർ ഞങ്ങളെ ബന്ധപ്പെടുകയും അവർക്കുകൂടി ഭക്ഷണം എത്തിച്ചുനൽകാൻ തീരുമാനിക്കുകയുമായിരുന്നു എന്ന് ബംഗളുരു രാമമൂർത്തി നഗർ ഏരിയ സഹരി വളണ്ടിയർ സുഹൈൽ പറയുന്നു.
ഗ്രാമപ്രദേശങ്ങളിലുള്ളവർ, വനിതകൾ, വിദ്യാർഥികൾ എന്നിവർക്ക് ഈ സമയങ്ങളിൽ പുറത്തിറങ്ങി ഭക്ഷണം വാങ്ങുക ബുദ്ധിമുട്ടാണ്. ഹോസ്റ്റലുകൾ, പി.ജി എന്നിവിടങ്ങളിൽ പോയി ആവശ്യക്കാരാണെന്ന് ബോധ്യപ്പെട്ടശേഷമാണ് അത്താഴം എത്തിച്ച് കൊടുക്കുന്നത്.