ട്രേഡ് യൂണിയനുകൾ, കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് നാളെ. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങൾക്കെതിരെയാണ് ജൂലൈ 9 ബുധനാഴ്ച ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിൽ പണിമുടക്ക് സമ്പൂർണ്ണമാകുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചിട്ടുണ്ട്. ഇന്ന് അർധരാത്രി 12 മണി മുതൽ നാളെ അർധരാത്രി 12 മണിവരെ 24 മണിക്കൂറാണ് പണിമുടക്ക്.

ജീവനക്കാരുടെ ഫെഡറേഷനുകളും കേന്ദ്ര ട്രേഡ് യൂണിയനുകൾക്കൊപ്പം പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ കേരളത്തിൽ അഖിലേന്ത്യ പണിമുടക്ക്‌ സംസ്ഥാനത്ത്‌ സമ്പൂർണമായേക്കും. എല്ലാ മേഖലയിലെയും തൊഴിലാളികളോട് സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി സമരത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ ജീവനക്കാർ, തൊഴിലാളികൾ, ബാങ്കിങ് – ഇൻഷുറൻസ് ജീവനക്കാർ, വാണിജ്യ, വ്യവസായ മേഖല, നിർമ്മാണം, മത്സ്യബന്ധനം, റോഡ്‌ ഗതാഗതം എന്നീ മേഖലകളിലെ തൊഴിലാളികളും പണിമുടക്കുമെന്ന്‌ സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി ജനറൽ കൺവീനർ എളമരം കരീം കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും പണിമുടക്കിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. പൊതുമേഖലാ ജീവനക്കാരും സർക്കാർ ജീവനക്കാരും ബാങ്കിങ് ജീവനക്കാരുമെല്ലാം സമരത്തിൻ്റെ ഭാഗമാകുമെന്നതിനാൽ വിവിധ സേവനങ്ങൾ തടസ്സപ്പെടാനും സാധ്യതയുണ്ട്. അവശ്യ സർവീസുകൾ, പാൽ, പത്ര വിതരണം എന്നിവയെ മാത്രമാണ് അതേസമയം പണിമുടക്കിൽ നിന്ന്‌ ഒഴിവാക്കുന്നതെന്ന് സംയുക്ത ട്രേഡ്‌ യൂണിയൻ അറിയിച്ചിട്ടുണ്ട്. എറണാകുളത്ത് ഉൾപ്പെടെ ബസ് തൊഴിലാളികൾ പണിമുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

യാത്രകൾ ഒഴിവാക്കുക, കടകൾ അടക്കുക എന്നാണ് ട്രേഡ് യൂണിയനുകൾ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന തൊഴിലാളി സംഘടനകളെല്ലാം പണിമുടക്കിൻ്റെ ഭാഗമാകുന്നതിനാൽ ബസ്, ഓട്ടോറിക്ഷ, മറ്റു ടാക്സി സർവീസുകളെ സമരം കാര്യമായി തന്നെ ബാധിച്ചേക്കും. ഷോപ്പ്, മത്സ്യം, വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ കയറ്റിറക്ക്, നിർമ്മാണം, ടാങ്കർലോറി, ലൈറ്റ് മോട്ടോർ, ബസ് തുടങ്ങിയ വാഹനങ്ങളിലെ തൊഴിലാളികളും പണിമുടക്കും. മുഴുവൻ തൊഴിലാളികളോടും ജീവനക്കാരോടും പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അഭ്യർഥിച്ചു.

Related Posts