സസ്പെൻഷൻ റദ്ധാക്കിയതിനു പിന്നാലെ കേരള സർവകലാശാലാ രജിസ്ട്രാറായി തിരികെ ചുമതല ഏറ്റെടുത്ത് പ്രൊഫ. കെ.എസ്. അനിൽ കുമാർ. വൈകിട്ട് നാലരയോടെയാണ് സിൻഡിക്കേറ്റിന്റെ അടിയന്തര നിർദേശപ്രകാരം അനിൽ കുമാർ രജിസ്ട്രാർ ചുമതലയേറ്റെടുത്തത്.
സിൻഡിക്കേറ്റ് അടിയന്തര യോഗം ചേർന്നത് ഞായറാഴ്ച ഉച്ചയോടെയായിരുന്നു. രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു നടപടി.
കെ.എസ്. അനിൽകുമാറിനെ രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും സിൻഡിക്കേറ്റ് നിലപാടെടുത്തു. അനിൽകുമാറിന്റെ സസ്പെൻഷൻ ഭൂരിപക്ഷം വരുന്ന സിൻഡിക്കേറ്റ് റദ്ദാക്കി ഉത്തരവിട്ടു. ഇതേത്തുടർന്നാണ് അനിൽകുമാർ വീണ്ടും രജിസ്ട്രാർ ആയി ചുമതലയേറ്റെടുത്തത്.