മുംബൈയിൽ 16-കാരനെ ശീതളപാനീയത്തിൽ വിഷം കലർത്തി നൽകി 19 കാരന് കൊലപ്പെടുത്തി. ജൂൺ 29-ന് ആണ് സംഭവം നടന്നത്. 16-കാരനുമായുണ്ടായ അമിതമായ സൗഹൃദം വീട്ടുകാർ വിലക്കിയതിനേത്തുടർന്നുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട പതിനാറുകാരന്റെ അച്ഛൻ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തു വന്നത്.
പതിനാറുകാരൻ മാസങ്ങൾക്കു മുമ്പ് പ്രതിയോടൊപ്പം നാഗ്പുരിലേക്ക് യാത്ര നടത്തിയിരുന്നു. കുടുംബം വീട്ടുകാരറിയാതെ നടത്തിയ യാത്രയിൽ എതിർപ്പ് പ്രകടിപ്പിക്കുകയും പ്രതിയുമായുള്ള ബന്ധം വിലക്കുകയും ചെയ്തിരുന്നു. 16-കാരൻ ഇതിനുശേഷം പ്രതിയുമായി അകൽച്ചയിലായി. ഇതിൽ അസ്വസ്ഥനായിരുന്ന പ്രതി, ജൂൺ 29-ന് പതിനാറുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നു.
മകൻ വീട്ടിലെത്താത്തതിനെത്തുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ നടത്തിയ അന്വേഷണത്തിൻറെ ഭാഗമായാണ് ഇവർ പ്രതിയുടെ വീട്ടിലെത്തിയത്. പ്രതിയുടെ വീട്ടിലെത്തിയപ്പോൾ പിതാവ് കണ്ടത് കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്ന മകനെയാണ്. പ്രതിയും സമീപത്തായി ഉണ്ടായിരുന്നു. കുട്ടി മരിച്ചതായി ഡോക്ടർ നടത്തിയ പരിശോധനയിലാണ് വ്യക്തമായത്.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയതാണ് മരണകാരണമെന്ന് വ്യക്തമായി. പ്രതിയെ അറസ്റ്റ് ചെയ്തു. മൃതദേഹം വിശദ പരിശോധനയ്ക്കായി ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോർട്ട് വന്നതിന് ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.