തൃശൂർ: മകളുടെ വിവാഹത്തിനായി വാങ്ങി സൂക്ഷിച്ചിരുന്ന 50 പവൻ സ്വർണം വീട്ടിൽ നിന്ന് കവർന്നതായി പരാതി. പേരാമംഗലം പറപ്പൂർ സ്വദേശി, തുണിക്കട ഉടമയായ ഷക്കീറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.
ഒക്ടോബറിൽ മകളുടെ വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണ് സ്വർണം നഷ്ടമായത്. പുലർച്ചെ ഒന്നേമുക്കാലോടെ കടയിൽനിന്ന് ഷക്കീറും കുടുംബവും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പിൻഭാഗത്തെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയതായി മനസിലായത്.
വീട്ടിലെ മറ്റൊരു മുറിയിൽ പണം സൂക്ഷിച്ചിരുന്നെങ്കിലും മോഷ്ടാക്കൾ അത് എടുത്തിട്ടില്ല. വീടിന് സമീപത്തുനിന്ന് മദ്യക്കുപ്പിയും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ മോഷ്ടാക്കൾ വീട്ടിൽ എത്തിയ ശേഷം പരിസരത്ത് തങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്.