ഒഡിഷയിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ ബെംഗളൂരുവിൽ അറസ്റ്റിലായി. വിഷ്ണു, ചാന്ദ് പാഷ എന്നിവരെയാണ് കുമ്പളഗോഡ് പൊലീസ് പിടികൂടിയത്.
കമ്പിപുരയിലെ ഈദ്ഗാഹ് ഗ്രൗണ്ടിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി കുമാരമംഗലത്തേക്കാണ് കഞ്ചാവ് കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതെന്ന് പ്രതികൾ മൊഴി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.
ആർ.ടി. നഗറിൽനിന്ന് വാടകയ്ക്കെടുത്ത കാറിലാണ് ഇരുവരും ഒഡിഷയിലെത്തിയത്. ഞായറാഴ്ച ബെംഗളൂരുവിൽ തിരിച്ചെത്തിയ പ്രതികൾ ബൊമ്മസാന്ദ്രയിൽ താമസിച്ചശേഷം തൊട്ടടുത്ത ദിവസം കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.