സ്വർണമാല കവർച്ച ചെയ്യുന്നതിനായി വനിതാ സഹപ്രവർത്തകയെ കൊലപ്പെടുത്തിയ കേസിൽ 23കാരനായ നഴ്‌സ് അറസ്റ്റിൽ. തമിഴ്‌നാട്ടിലെ രാമനാഥപുരം സ്വദേശിനിയും 26കാരിയുമായ ഉത്തിരയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ നാലു പവൻ തൂക്കമുള്ള താലിമാല പ്രതി കവർന്നതായി പൊലീസ് അറിയിച്ചു.

തിരുപ്പൂർ ജില്ലയിലെ പള്ളഗൗണ്ടമ്പാളയത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്നു ഉത്തിര. ഒക്ടോബർ 15ന് യുവതിയെ കാണാതായതിനെ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒക്ടോബർ 17ന് പെരുന്തുറൈയിലെ വിജയമംഗലം ടോൾ ഗേറ്റിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഉത്തിരയുടെ സഹപ്രവർത്തകനായ ശരവണനിലേക്ക് അന്വേഷണം കേന്ദ്രീകരിച്ച പൊലീസ്, ഒക്ടോബർ 19ന് ഇയാളെ അറസ്റ്റ് ചെയ്തു. സ്വർണാഭരണം കവർച്ച ചെയ്യാനായി ബൈക്കിൽ കൊണ്ടുപോയി യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. മോഷ്ടിച്ച ആഭരണം വീണ്ടെടുത്തതായും പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും അധികൃതർ അറിയിച്ചു.

സംഭവം തമിഴ്‌നാട്ടിലെ ക്രമസമാധാന നിലയെച്ചൊല്ലിയുള്ള രാഷ്ട്രീയ പോരിനും വഴിവച്ചു. മുഖ്യമന്ത്രി ജോസഫ് വിജയ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളാണ് കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആരോപിച്ചു. പൊലീസ് വകുപ്പിൻ്റെ ചുമതല മുഖ്യമന്ത്രിക്കുണ്ടെങ്കിലും അത് പേരിന് മാത്രമാണോയെന്നും സ്റ്റാലിൻ പരിഹസിച്ചു. മറ്റു വകുപ്പുകളുടെ ചുമതലകൾ മന്ത്രിമാർക്ക് നൽകിയതുപോലെ പൊലീസ് വകുപ്പും മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Related Posts