റെയിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ നൽകുന്നതിനായി പുതിയ ഐ.ആർ.സി.ടി.സി. വെബ്സൈറ്റ് അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ജൂലൈ 15-ഓടെ പുതിയ പ്ലാറ്റ്ഫോം പ്രവർത്തനം ആരംഭിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എം.എൻ.ഐ.ടി.) വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു പ്രഖ്യാപനം. ടിക്കറ്റ് ബുക്കിങ് നടപടികൾ വേഗത്തിലാക്കുകയും ഉപയോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന പുതിയ സംവിധാനത്തിലൂടെ കൂടുതൽ കാര്യക്ഷമമായ സേവനങ്ങൾ ലഭ്യമാക്കാനാണ് റെയിൽവേയുടെ പദ്ധതി.
ഇതിനൊപ്പം, നാല് പതിറ്റാണ്ടോളം പഴക്കമുള്ള പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പി.ആർ.എസ്.) സമഗ്രമായി നവീകരിക്കുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് മുതൽ പുതുക്കിയ സാങ്കേതിക സംവിധാനത്തിലേക്ക് പി.ആർ.എസ്. മാറും. 2002-ലാണ് ഇന്ത്യൻ റെയിൽവേ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സേവനം ആരംഭിച്ചത്. നിലവിൽ രാജ്യത്തെ ട്രെയിൻ ടിക്കറ്റ് വിൽപ്പനയുടെ ഏകദേശം 88 ശതമാനവും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയാണ് നടക്കുന്നത്.
പുതിയ പി.ആർ.എസ്. സംവിധാനം നിലവിൽ ഉള്ളതിനെക്കാൾ വലിയ ശേഷിയുള്ളതായിരിക്കും. നിലവിലെ സംവിധാനത്തിൽ മിനിറ്റിൽ 32,000 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാനാകുമ്പോൾ, പുതിയ സംവിധാനത്തിലൂടെ മിനിറ്റിൽ 1.5 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിങ് സാധ്യമാകുമെന്നാണ് റെയിൽവേ മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. ഇത് നിലവിലെ ശേഷിയെ അപേക്ഷിച്ച് ഏകദേശം അഞ്ചിരട്ടി വർധനവാണ്. റെയിൽ യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ വേഗതയാർന്നതും തടസ്സരഹിതവുമായ ഓൺലൈൻ സേവനം ഉറപ്പാക്കുകയാണ് പുതിയ സംവിധാനത്തിൻ്റെ പ്രധാന ലക്ഷ്യം.