മൈസൂരിലെ ഹോസ്റ്റലുകളിൽ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്ത സംഭവത്തിൽ കടുത്ത നടപടിയുമായി കർണാടക സർക്കാർ. 5 കോളേജുകളിൽ ഇത്തരത്തിൽ വൃത്തിഹീനമായ ഭക്ഷണമാണ് നൽകുന്നതെന്ന വിവരമാണ് പുറത്തുവന്നത്. ഗ്ലോബൽ എഡ്യുക്കേഷണൽ കൺസൾട്ടൻസി എന്ന ഏജൻസിയാണ് 5 കോളേജുകളിലും ഭക്ഷണം എത്തിക്കുന്നത്. ഗ്ലോബൽ എഡ്യുക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കുകയും മെസ്സ് അടപ്പിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മെസ്സിൽ പരിശോധന നടത്തി. മെസ്സിലെ സാമ്പിളുകൾ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും കർണാടക ആരോഗ്യമന്ത്രി പറഞ്ഞു. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്യുന്നുവെന്ന വാർത്ത പ്രചരിച്ചതിനെത്തുടർന്ന് കെ സി വേണുഗോപാൽ എം പി ഇടപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ കർണാടക സർക്കാർ നടപടിയെടുത്തിരിക്കുന്നത്.
ചോറിൽനിന്ന് പാറ്റയെയും ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റികും കോഴിക്കറിയിൽ നിന്ന് ചോരയും തൂവലും കിട്ടിയതായി വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഭക്ഷ്യ വിഷബാധ പതിവാണെന്നും വിദ്യാർഥികൾ പറയുന്നു. 80,000 രൂപയാണ് പ്രതിവർഷം മെസ്സ് ഫീ ആയി വാങ്ങുന്നത്. വിദ്യാർത്ഥികളെ പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കില്ല. ചോദ്യം ചെയ്താൽ ശിക്ഷാനടപടികൾ നേരിടേണ്ടി വരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു. മെസ്സ് നടത്തുന്നത് മലയാളികളാണ്. ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ് എന്ന ഏജൻസി കോളേജുകളുമായി ഒത്തുകളിക്കുകയാണെന്നും വിദ്യാർത്ഥികൾ പറയുന്നു.