തമിഴ്നാട്ടിൽ ഗംഭീര വിജയം നേടിയ വിജയ് യുടെ ടിവികെ സർക്കാർ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്. വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളെയും സ്വതന്ത്ര സ്ഥാനാർത്ഥികളെയും ഒപ്പം ചേർത്ത് കേവല ഭൂരിപക്ഷം തികയ്ക്കാനാകും വിജയ് നയിക്കുന്ന ടിവികെ തയ്യാറെടുക്കുന്നത്.
ഈ ചർച്ചകൾ ഒരു ഭാഗത്ത് നടക്കുന്നതിനിടെ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചു വിജയിച്ച വിജയ് ഏത് സീറ്റ് ഒഴിയുമെന്ന കാര്യത്തിലാണ് അടുത്ത ആകാംക്ഷ. തൃച്ചി, പേരമ്പൂർ ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയ് മത്സരിച്ചതും ജയം നേടിയതും. വിജയ് പേരമ്പൂർ സീറ്റ് നിലനിർത്തിയേക്കുമെന്നും തൃച്ചി ഈസ്റ്റ് സീറ്റിൽ നിന്ന് രാജി വയ്ക്കുമെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഉപതിരഞ്ഞെടുപ്പിലൂടെ വിജയ്യുടെ പിൻഗാമിയായി ആര് വരുമെന്നാണ് പുതിയ ചർച്ച. നിലവിലെ സാഹചര്യത്തിൽ ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ നടി തൃഷ മത്സരിച്ചേക്കുമെന്നും വിജയിച്ചാൽ തൃഷയെ ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നും സൂചനകളുണ്ട്.
ഈ വിവരം ടിവികെ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 14 ദിവസത്തിനകം വിജയ് ഏതെങ്കിലും സീറ്റിൽ രാജിവയ്ക്കണം. ഏത് മണ്ഡലമായാലും ടിവികെ സ്ഥാനാർത്ഥിക്ക് വിജയം ഉറപ്പുതന്നെയാണ് എന്ന കണക്കുകൂട്ടലിലാണ് പാർട്ടി. ഇന്നലെ വോട്ടെണ്ണൽ ആരംഭിച്ച സമയത്ത് തന്നെ ടിവികെ പതാകയുടെ നിറമുള്ള ഷാൾ ധരിച്ച് തൃഷ തിരുപ്പതി ക്ഷേത്രദർശനം നടത്തിയിരുന്നു.
തുടർന്ന് ഫലം വിജയ്ക്ക് അനുകൂലമായതിന് പിന്നാലെ നടി വിജയ്യുടെ വസതിയിൽ എത്തിയിരുന്നു. നീലാങ്കരയിലുള്ള വീട്ടിലെത്തിയാണ് തൃഷ വിജയ് യെ കണ്ടത്. തൃഷയുടെ പിറന്നാൾ ദിനത്തിലായിരുന്നു വോട്ടെണ്ണൽ നടന്നത്. തനിക്ക് മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് ഒരിക്കൽ തൃഷ പറഞ്ഞ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.