ടി.സി.എസ്. 10 കെ 18 ആം പതിപ്പ് സമാപിച്ചു. സാം മാനേക്ഷ പരേഡ് ഗ്രൌണ്ടിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗവർണ്ണർ താവർ ചന്ദ് ഗഹ്ലോട്ട്, ഉപമുഖ്യമന്ത്രി ഡി. കെ.ശിവകുമാർ, എൻ.എ.ഹാരിസ് എം.എൽ.എ എന്നിവർ പങ്കെടുത്തു. 35,000-ത്തിലധികം പേരാണ് ഈ വർഷത്തെ ടി.സി.എസ് വേൾഡ് 10 കെ മത്സരത്തിൽ പങ്കെടുത്തത്. ഇത്തവണത്തെ മത്സരങ്ങളിൽ പങ്കെടുത്ത മത്സരാർഥികൾ കനത്ത ചൂടിനെ വകവെക്കാതെയാണ് മിന്നും നേട്ടം കൊയ്തത്. തണുത്ത കാലാവസ്ഥയിൽ നിന്നും വന്നവർക്ക് ചൂട് വെല്ലുവിളിയയെങ്കിലും ഉള്ളിലെ പോരാട്ട വീര്യം കുറയാതെ മത്സരത്തിൽ പുതിയ റെക്കോർഡുകൾ പിറന്നു. പ്രതിഷേധത്തിൻ്റെ സ്വരങ്ങളായി ട്രംപിസവും എൽ.പി.ജി പാചക വാതകവുമെല്ലാം മത്സരത്തിൽ ഇടം പിടിച്ചു.
പുരുഷ വിഭാഗത്തിൽ ബുറുണ്ടി താരം റോഡ്രിഗ് ക്വിസേര പുതിയ റെക്കോർഡോടെ (27 മിനിറ്റ് 31 സെക്കൻറ്) ഒന്നാമതെത്തി. നാല് വർഷം മുമ്പ് നിക്കോളാസ് കിപ്കോറിർ സ്ഥാപിച്ച റെക്കോർഡാണ് ക്വിസേര മറികടന്നത്. ഉഗാണ്ടയുടെ ഹെർബർട്ട് കിബെറ്റ് രണ്ടാം സ്ഥാനവും കെനിയയുടെ ഗിൽബെർട്ട് കിപ്കോസ്ഗെ കിപ്രോട്ടിച്ച് മൂന്നാം സ്ഥാനവും നേടി. 34,000 യു.എസ് ഡോളറാണ് ക്വിസേരക്ക് ലഭിച്ച സമ്മാനത്തുക.
വനിതാ വിഭാഗത്തിൽ റുവാണ്ടയുടെ ഫ്ലോറൻസ് നിയോൺകുരു ആദ്യ 10 കെ ഓട്ടത്തിൽ കിരീടം നേടി. കെനിയയുടെ ബ്രെൻഡ ജെപ്പിർചിർ ഇത്യോപ്യയുടെ ചാൽട്ടു ദിദ ദിരിബയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഇന്ത്യൻ വിഭാഗത്തിൽ സഞ്ജീവനി ആദ്യ സ്ഥാനം കരസ്ഥമാക്കി. സോണിയ, ഭാഗീരഥി എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. ഇന്ത്യൻ പുരുഷ വിഭാഗത്തിൽ ഹർമൻജ്യോത് സിങ് ഒന്നാമത്തെത്തി. ശൈലേഷ് കുശ്വാഹ. ദീപക് ഭട്ട് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.