പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ സൺ ഫാർമസ്യൂട്ടിക്കൽസ് ആസാമിൽ പുതിയ മാനുഫാക്ചറിംഗ് പ്ലാന്റ് നിർമ്മിക്കും. 500 കോടിയുടെ നിക്ഷേപം ഇതിനായി നടത്തും. 500 ലധികം പേർക്ക് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു ചീഫ് സെക്രട്ടറി രവി കോട്ട അറിയിച്ചു. കമ്പനിയിലെ സീനിയർ ഉദ്യോഗസ്ഥർ ബുധനാഴ്ച ചീഫ് സെക്രട്ടറിയുമായുള്ള കൂടികാഴ്ചയിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്തു.
സൺ ഫാർമസ്യൂട്ടിക്കൽസ് ലോകത്തിലെ നാലാമത്തെ വലിയതും ഇന്ത്യയിലെ ഏറ്റവും വലിയതുമായ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണെന്നും അവർ ആസാമിലേക്കു വരുന്നതിൽ അഭിമാനമുണ്ടെന്നും രവി കോട്ട പറഞ്ഞു. സംസ്ഥാനത്തെ വികസനം, വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആസാം സർക്കാർ സാധ്യതയുള്ള നിക്ഷേപകരുമായി നടത്തുന്ന ഇടപെടലുകളുടെ ഭാഗമാണ് ഈ പദ്ധതിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.