ഇറാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആദ്യവിമാനം ഇന്നു പുറപ്പെട്ടേക്കും. വിദ്യാർഥികൾ ഉൾപ്പെടെ 20,000 ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണു കണക്കാക്കുന്നത്. ആദ്യഘട്ടത്തിൽ വിദ്യാർഥികളെ നാട്ടിലെത്തിക്കാനാണു ശ്രമം. മടങ്ങാൻ താൽപര്യമുള്ളവരെ കണ്ടെത്താൻ ഇന്ത്യൻ എംബസി ശ്രമം തുടങ്ങി.
ഇന്റർനെറ്റ് നിയന്ത്രണമുള്ളതിനാൽ പലരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചിയുമായി കഴിഞ്ഞദിവസം ഫോണിൽ സംസാരിച്ചിരുന്നു. ഇന്നലെ പുലർച്ചെ ഇറാൻ താൽക്കാലികമായ വ്യോമപാത അടച്ചതിനെത്തുടർന്ന് ഇന്ത്യയിൽനിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ മുടങ്ങിയിരുന്നു.