കന്നഡ മഹാകവിയും ജ്ഞാനപീഠപുരസ്‌കാര ജേതാവുമായ കുവെംപു രചിച്ച മഹാകാവ്യമായ ശ്രീരാമായണ ദർശനം മലയാളത്തിൽ പുറത്തിറങ്ങി. കന്നഡ ഭാഷയിലെ ആധുനിക ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാകാവ്യമാണ് ശ്രീരാമായണ ദർശനം. കണ്ണൂർ സർവകലാശാലാ മലയാളവിഭാഗം മുൻ തലവനും ബെംഗളൂരുവിലെ അലയൻസ് സർവകലാശാലാ ഇന്ത്യൻ നോളജ് സിസ്റ്റംസ് വകുപ്പ് ഡയറക്‌ടറുമായ ഡോ.എ.എം. ശ്രീധരനാണ് കാവ്യം മലയാളത്തിലേക്ക് മൊഴിമാറ്റിയത്.

രാമായണകഥ സ്വഭാവമനുസരിച്ച് മാറ്റങ്ങളോടെ ഭക്തിരസത്തിന് പോറലേൽക്കാതെ അവതരിപ്പിക്കുകയാണ് കവി. സീതയ്ക്കൊപ്പം അഗ്നി ശുദ്ധി വരുത്തുന്ന രാമനെയാണ് അവതരിപ്പിക്കുന്നത്. രാവണൻ, മന്ധര, ബാലി തുടങ്ങിയവരെ മാനസിക പരിവർത്തനത്തിന് വിധേയരായ കഥാപാത്രങ്ങളായാണ് കുവെംപു ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. കവി ഒരേസമയം ആഖ്യാതാവും നിരീക്ഷകനും കഥാപാത്രവുമാകുന്ന ഐതിഹാസികമായ ആഖ്യാനരീതിയാണ് അവലംബിച്ചിരിക്കുന്നത്.

കന്നഡ രാജ്യോത്സവവും കേരളപ്പിറവിയും ആഘോഷിക്കുന്ന നവംബർ ഒന്നിന് സർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ വിവർത്തനകൃതി പ്രകാശനം ചെയ്യുമെന്ന് ഡോ.എ.എം. ശ്രീധരൻ പറഞ്ഞു.

Related Posts