ബോളിവുഡ് താരം ടൈഗർ ഷ്രോഫിൻ്റെ കാറിന് നേരെ മൂന്നംഗ സംഘം വെടിയുതിർത്തു. ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജൂഹുവിലാണ് സംഭവം. ബൈക്കിലെത്തിയ അക്രമികൾ കാറിന് നേരെ മൂന്ന് റൗണ്ട് വെടിയുതിർത്തതായാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. വെടിവയ്പിൽ പരിക്കേറ്റ ഡ്രൈവറെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരം സുരക്ഷിതനാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ മോഹിത് ഗാർഗ് സ്ഥിരീകരിച്ചു.
സംഭവത്തിന് പിന്നാലെ അനിൽ പണ്ഡിറ്റ് എന്നയാൾ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതായി റിപ്പോർട്ടുകളുണ്ട്. ഇയാൾ ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അംഗമാണെന്നും വീഡിയോയിൽ അവകാശപ്പെടുന്നു. സംഘത്തിൻ്റെ നിർദേശങ്ങൾ അനുസരിക്കാത്തതും നടൻ സൽമാൻ ഖാനുമായി സഹകരിക്കുന്നതുമാണ് ടൈഗർ ഷ്രോഫിനെ ലക്ഷ്യമിടാൻ കാരണമായി വീഡിയോയിൽ പറയുന്നത്. ഹർമൻ സന്ധുവും താനും ചേർന്നാണ് ആക്രമണം നടത്തിയതെന്നും അവകാശവാദമുണ്ട്. എന്നാൽ വീഡിയോയുടെ ആധികാരികത പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
അക്രമികളെ കണ്ടെത്താൻ 12 പൊലീസ് സംഘങ്ങളെ നിയോഗിച്ച് വ്യാപക തിരച്ചിൽ ആരംഭിച്ചു. ആക്രമണം നടക്കുമ്പോൾ താരം ഗ്രൗണ്ടിൽനിന്ന് മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയ് നേരത്തെയും സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ടൈഗർ ഷ്രോഫും സൽമാൻ ഖാനും ഒരുമിച്ച് സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ട്. ടൈഗറിന്റെ ബോളിവുഡ് പ്രവേശനത്തിന് സൽമാൻ ഖാൻ സഹായം നൽകിയിരുന്നു. ടൈഗറിൻ്റെ പിതാവും നടനുമായ ജാക്കി ഷ്രോഫും സൽമാനൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.