സർഗധാര സാംസ്ക്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത നാടകകൃത്ത് ശാർങ്ഗധരൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള 2026ലെ ശാർങ്ഗധരൻ സ്മാരക സർഗ്ഗധാര പുരസ്ക്കാരം പ്രശസ്ത സാംസ്ക്കാരിക പ്രവർത്തകൻ രാജഗോപാൽ മുള്ളത്തിന് നൽകി. സാമൂഹ്യ സേവനത്തിൽ പ്രത്യേക അഭിനിവേശമുണ്ടായിരുന്ന രാജഗോപാൽ മുള്ളത്ത് ചെറുപ്പം മുതൽ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സ്കൂൾ കാലം മുതൽ നാടകങ്ങളിലും, മറ്റു കലാപരിപാടികളിലും സജീവമായി പങ്കെടുത്തിട്ടുണ്ട്. ഡിഫെൻസ് സർവീസിൽ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുമ്പോൾ എല്ലാ ആഘോഷങ്ങളിലും നടക്കുന്ന നാടകങ്ങളിൽ അഭിനയിച്ചിരുന്നു. സർവീസിൽ നിന്നും വളണ്ടീയർ വിരാമത്തിന് ശേഷം, ഡിഫെൻസ് പബ്ലിക്ക് സെക്ടറായ ഭാരത് ഇലക്ട്രോണിക്സിൽ നിയമനം നേടി. ഭാരത് ഇലക്ട്രോണിക്സിൽ പ്രവർത്തിക്കുമ്പോൾ BELMA (ഭാരത് ഇലക്ട്രോണിക്സ് മലയാളി അസോസിയേഷൻ) യിൽ അംഗമായി പ്രവർത്തിക്കുകയും 8 വർഷത്തോളം ബെൽമയുടെ സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചു. 2008-09 ബെൽമയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ പ്രധാന സംഘാടകനായിരുന്നു. ബെൽ(BEL) ഫൈൻ ആർട്സ് ക്ലബ് നടത്തുന്ന ബഹുഭാഷാ നാടക മത്സരങ്ങളിൽ ബെൽമ നാടകങ്ങൾ അവതരിപ്പിച്ചു കൊണ്ട് വിജയം നേടാൻ ബെൽമയുടെ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം അനവരതം പ്രവർത്തിച്ചിട്ടുണ്ട്.
ജാലഹള്ളി നോർത്ത് വെസ്റ്റ് കേരള സമാജം ഹാളിൽ വെച്ചു നടന്ന പുരസ്കാര ചടങ്ങിനൊപ്പം വനിതാ ദിനാഘോഷവും നടത്തി. പ്രസിഡണ്ട് ഇന്ദിരാ ബാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ‘സ്ത്രീയുടെ സാഹിത്യ പഥങ്ങൾ’ എന്ന വിഷയത്തിൽ എഴുത്തുകാരി ബിന്ദു.പി.മേനോൻ മുഖ്യപ്രഭാഷണം നടത്തി. ചരിത്രം മുതൽ സമകാലിക മലയാള സാഹിത്യ രംഗത്തെ എഴുത്തുകാരികളുടെ ജീവിതവും, എഴുത്തും യോഗത്തിൽ വിലയിരുത്തി.
സുധാകരൻ രാമന്തളി, കമനീധരൻ വിഷ്ണുമംഗലം കുമാർ, സി.എച്ച്.പത്മനാഭൻ, പോൾ പീറ്റർ, ഗീത നാരായണൻ, രതി സുരേഷ് എന്നിവർ സംസാരിച്ചു. രാജഗോപാൽ മുള്ളത്ത് മറുപടി പ്രസംഗം നടത്തി.
യുവഗായിക ശ്രീലക്ഷ്മി ജയചന്ദ്രനെ ചടങ്ങിൽ ആദരിച്ചു.
കൃഷ്ണ പ്രസാദ് എം, വിജയൻ.വി.കെ, ഷാജി അക്കിത്തടം, പ്രദോഷ്, കവിരാജ്, ശ്രീലക്ഷ്മി ജയചന്ദ്രൻ എന്നിവർ നാടകഗാനങ്ങൾ അവതരിപ്പിച്ചു. പി.എൽ പ്രസാദ് സ്വാഗതവും കെ. കൃഷ്ണകുമാർ നന്ദിയും രേഖപ്പെടുത്തി.
