റഷ്യകും സൗദിഅറേബ്യക്കും ഇടയിൽ യാത്രാനടപടികൾ എളുപ്പമാക്കാൻ വിസാ നിയമത്തിൽ ഇളവുവരുത്താൻ ധാരണയായി. രണ്ടു രാജ്യത്തെയും പൗരന്മാർക്ക് പരസ്പരം വിസയില്ലാതെ സഞ്ചരിക്കാനാവും വിധമാണ് ഇളവ് വരുത്തുന്നത്. ഇതിനുള്ള കരാർ ഉടൻ ഒപ്പുവെക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഇരുവരും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഒരുമിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അനുദിനം വിനോദസഞ്ചാരികളുടെ എണ്ണം ഇരുരാജ്യങ്ങൾക്കുമിടയിൽ വർദ്ധിക്കുന്നുണ്ട്. വിസാനടപടിക്രമങ്ങളിൽ ഇളവു വരുത്തുന്നത് ടൂറിസം വിനിമയം വർദ്ധിപ്പിക്കുന്നതിനും പരസ്പരം യാത്രകൾ എളുപ്പമാക്കാനും ഇരുജനതകളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും സഹായിക്കും. നേരിട്ടുള്ള വിമാന സർവിസുകൾ ഇതിനായി ആരംഭിക്കും.
വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും താൽപ്പര്യം അമീർ ഫൈസൽ വെളിപ്പെടുത്തി. വികസന, സാമ്പത്തിക, സാംസ്കാരിക സഹകരണത്തിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും ആഗോളതലത്തിലെ ദ്രുതഗതിയിലുള്ള സംഭവവികാസങ്ങൾ ശ്രദ്ധിക്കുന്നുണ്ട്.
പ്രശ്നങ്ങളും സംഘർഷങ്ങളും പരിഹരിക്കുന്നതിന് കൂടിയാലോചനകൾ തുടരേണ്ടതിെന്റെയും ക്രിയാത്മകമായ സംഭാഷണങ്ങൾ ശക്തമാക്കേണ്ടതിെന്റെയും പ്രാധാന്യവും മന്ത്രി ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളും ഒപെക് പ്ലസ് ചട്ടക്കൂടിനുള്ളിൽ തമ്മിലുള്ള സൃഷ്ടിപരമായ സമവായത്തിെന്റെ നിലവാരത്തെ മന്ത്രി പ്രശംസിച്ചു. ഊർജ മേഖലയിലെ ആഗോള വെല്ലുവിളികളെ സംയുക്ത സഹകരണത്തിലൂടെ നേരിടുന്നതിന് ഊന്നൽ നൽകിയതായും അദ്ദേഹം പറഞ്ഞു.