രേണുക സ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശൻ തുഗുദീപയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. കർണാടക സർക്കാരിന്‍റെ അപ്പീലിലാണ് നടപടി. ജസ്റ്റിസുമാരായ ജെ.ബി.പർദിവാലയും ആർ.മഹാദേവനും അടങ്ങിയ ബെഞ്ച് ദർശന് ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി നടപടിയെ രൂക്ഷമായി വിമർശിച്ചു. നടി പവിത്ര ഗൗ‍ഡ ഉൾപ്പെടെ 6 പേരുടെ ജാമ്യവും റദ്ദാക്കി. വൈകിട്ട് ദർശൻ ബെംഗളൂരു വിചാരണ കോടതിയിൽ കീഴടങ്ങും. ജാമ്യം അനുവദിച്ചത് യാന്ത്രികമായ രീതിയിലാണെന്നും ഹൈക്കോടതിയിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി ദർശന്‍റെ ജാമ്യം റദ്ദാക്കിയത്.

ജാമ്യം നൽകിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിലെ ഭാഷ അവരെ കുറ്റവിമുക്തരാക്കുന്ന തരത്തിലുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. കർണാടക സർക്കാരിന്‍റെ അപ്പീലിൽ ആണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ആർ. മഹാദേവനും അടങ്ങിയ ബെഞ്ചിന്‍റെ ഉത്തരവ്. ജാമ്യം നൽകുന്നത് വിചാരണ അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്നും കോടതി വ്യക്തമാക്കി. ദർശന് ജയിലിൽ വഴിവിട്ട സഹായം നൽകരുതെന്നും കോടതി നിർദേശിച്ചു.

നടൻ ബെംഗളൂരു ജയിലിൽ സിഗരറ്റ് വലിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നത് കണക്കിലെടുത്താണ് നിർദേശം. പ്രത്യേക പരിഗണന നൽകിയെന്ന് വ്യക്തമായാൽ ജയിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കർണാടക സർക്കാർ ഉത്തരവ് സ്വാഗതം ചെയ്തു. നടിയും സുഹൃത്തുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ച ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിലാണ് ദർശൻ അറസ്റ്റിലായത്. കർണാടക ഹൈക്കോടതി 2024 ഒക്ടോബർ 30ന് ദർശന് ജാമ്യം അനുവദിക്കുകയായിരുന്നു.

Related Posts