മംഗളൂരുവിലെ സ്വകാര്യ കോളേജിൽ റാഗിങ് നടത്തിയെന്ന പരാതിയിൽ അഞ്ച് മലയാളി വിദ്യാർഥികളെ മംഗളൂരു സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പയ്യന്നൂർ സ്വദേശികളായ റഹാൻ എം.പി. (19), പയ്യന്നൂർ സ്വദേശി രോഹൻ രമേഷ് (19), മുഹമ്മദ് ഉവൈസ് (19), കാസർകോട് സ്വദേശി മുഹമ്മദ് ആദിൽ (19), കണ്ണൂർ സ്വദേശി നസീദ് അമീർ (19) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ കോളേജിലെ ഒമ്പത് വിദ്യാർഥികൾക്കെതിരെ ബുധനാഴ്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേരളത്തിലെ ചാവക്കാട് എടക്കഴിയൂർ സ്വദേശി അമീർ അലി (19) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഓഗസ്റ്റ് 19ന് പ്രതികൾ തനിക്കെയും സഹപാഠിയായ മുഹമ്മദ് അൽഫാസിനെയും തട്ടിക്കൊണ്ടുപോയി മർദിക്കുകയും റാഗിങ്ങിന് ഇരയാക്കുകയും ചെയ്തെന്നാണ് പരാതിയിലെ ആരോപണം. അടിവസ്ത്രം മാത്രം ധരിപ്പിച്ചു നിർത്തി മർദിച്ചതായും വെള്ളം ചോദിച്ചപ്പോൾ മലിനജലം കുടിക്കാൻ നിർബന്ധിച്ചതായും തയാറാകാതിരുന്നപ്പോൾ ദേഹത്ത് ഒഴിച്ചതായും പറയുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പ്രതികളിലൊരാൾ മൊബൈലിൽ പകർത്തിയതായും വൈകിട്ട് 6 വരെ പീഡനം തുടർന്നതായും പരാതിയിലുണ്ട്. ഷൂസ് ധരിക്കാതെയും ക്ലീൻ ഷേവ് ചെയ്തും കോളജിൽ എത്തണമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. വിവരം വീട്ടിലറിയിക്കാനും പരാതി നൽകാനും വൈകിയത് പ്രതികൾ ഭീഷണിപ്പെടുത്തിയതിനാലാണെന്നു വിദ്യാർഥി പറഞ്ഞു.
കർണാടക എജുക്കേഷൻ ആക്ട്, 1983ലെ 116-ാം വകുപ്പ് പ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്. BNS 140(3), 127(2), 115(2), 118(1), 351(2), 109, 190 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.