ഗോവയില്‍ നിശാക്ലബിലുണ്ടായ തീപിടിത്തത്തില്‍ നൈറ്റ് ക്ലബിൻ്റെ ഉടമകള്‍, മാനേജര്‍, പരിപാടിയുടെ സംഘാടകര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സംഭവത്തിൽ 25 പേർ മരിച്ചിരുന്നു. അതിന് പിന്നാലെയാണ് ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ നൈറ്റ് ക്ലബിൻ്റെ ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്നലെ അര്‍ധരാത്രിയോടെയാണ് നിശാക്ലബില്‍ തീപിടുത്തമുണ്ടായത്. മരിച്ചവരില്‍ 14 ജീവനക്കാരും നാല് വിനോദസഞ്ചാരികളും ഉണ്ടായിരുന്നതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ശേഷിക്കുന്ന ഏഴ് പേര്‍ ആരെല്ലാമെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അനുവാദമില്ലാതെ പണിതതിനെ തുടര്‍ന്ന് ക്ലബ് പൊളിക്കണമെന്ന് കാണിച്ച് പഞ്ചായത്തില്‍ നിന്നും നോട്ടീസ് നല്‍കിയിരുന്നു. പിന്നീട് പഞ്ചായത്ത് അധികൃതര്‍ തന്നെ ഉത്തരവ് സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ ഗോവ മുഖ്യമന്ത്രി മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ സ്ഥാപനത്തിന് ലൈസന്‍സ് നല്‍കിയ സര്‍പഞ്ച് റോഷന് റെഡ്ഗറെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായും അധികൃതര്‍ അറിയിച്ചു.