ധനമന്ത്രി നിർമ്മലാ സീതാരാമൻ്റെ ബഡ്ജറ്റ് അവതരണത്തെ പ്രശംസിച്ച് നരേന്ദ്ര മോദി. നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത് ജനങ്ങളുടെ ബഡ്‌ജറ്റെന്നും ബഡ്ജറ്റ് ഓരോ ഇന്ത്യക്കാരൻ്റെയും സ്വപ്നങ്ങൾ നിറവേറ്റുന്നതാണെന്നും 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പാർലമെൻ്റിൽവച്ച് നിർമല സീതാരാമനെ അഭിനന്ദിച്ചു.
‘എല്ലാവരും താങ്കളെ പ്രശംസിക്കുന്നു. ബഡ്‌ജറ്റ് വളരെ മികച്ചതാണ്’ അദ്ദേഹം ധനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി, നിർമ്മലാ സീതാരാമൻ ഇരിക്കുന്ന ബെഞ്ചിനടുത്തെത്തിയാണ് അവരെ അഭിനന്ദിച്ചതെന്നാണ് റിപ്പോർട്ട്.’ബഡ്ജറ്റുകൾ പലപ്പോഴും ട്രഷറി നിറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ഈ ബഡ്ജറ്റ് ജനങ്ങളുടെ പോക്കറ്റുകൾ നിറയ്ക്കാനും സമ്പാദ്യം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു’ പ്രധാനമന്ത്രി പറഞ്ഞു.
ആദായ നികുതി ഇളവ് മദ്ധ്യവർഗത്തിലെ, ശമ്പളമുള്ള ജീവനക്കാർക്ക് വലിയ നേട്ടമാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ സമ്പൂർണ ബഡ്‌ജറ്റായിരുന്നു ഇത്. നിർമ്മലാ സീതാരാമൻ്റെ തുടർച്ചയായ എട്ടാം ബഡ്ജറ്റും കൂടി ആയിരുന്നു. കർഷകർക്കായുള്ള ബഡ്‌ജറ്റിലെ പ്രഖ്യാപനങ്ങൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും കാർഷിക മേഖലയിലുംവിപ്ലവം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മദ്ധ്യവർഗം, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവർക്ക് ഊന്നൽ നൽകുന്നതെന്ന് പറഞ്ഞു കൊണ്ടാണ് ധനമന്ത്രി ബഡ്‌ജറ്റ് അവതരണം തുടങ്ങിയത്. നിർമ്മലാ സീതാരാമൻ ഇതോടെ തുടർച്ചയായ ഏഴ് ബഡ്‌ജറ്റുകൾ അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കാഡ് മറികടന്നു.