ഇറാനുമായുള്ള സംഘര്‍ഷം നിലനിൽക്കുന്നതിനിടെ അമേരിക്കയുടെ ഒന്‍പതാം വ്യോമപ്പടയുടെ അഭ്യാസം പശ്ചിമേഷ്യയില്‍ ആരംഭിച്ചതായി പെന്‍റഗണ്‍ സ്ഥിരീകരിച്ചു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്‍റെ കീഴിലുള്ള ഈ അഭ്യാസം ഇറാന്‍റെ ഏതു നീക്കത്തെയും നേരിടാന്‍ യുഎസ് സജ്ജമാണെന്നു ബോധ്യപ്പെടുത്തുന്നതിനും മേഖലയിലെ സൈനിക സാനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുമാണ്.
വ്യോമാഭ്യാസത്തിലേക്ക് കടക്കുന്നതിനു മുമ്പേ തന്നെ യുഎസിന്‍റെ വിമാന വാഹിനിക്കപ്പലായ അബ്രഹാം ലിങ്കണ്‍ സ്‌ട്രൈക്ക് ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇതോടെ മേഖലയിലെ അമേരിക്കന്‍ വെടിക്കോപ്പുകളുടെയും സൈനികശേഷിയുടെയും അളവ് ഇരട്ടിയായി വര്‍ദ്ധിച്ചു. സഖ്യകക്ഷികളുമായി ചേര്‍ന്ന് അതിവേഗം സൈനിക നീക്കം നടത്തുന്നതിനും വ്യോമസേനയുടെ പ്രഹരശേഷി തെളിയിക്കുന്നതിനും ഈ അഭ്യാസം സഹായിക്കുമെന്ന് എഎഫ്സിഇഎന്‍ടി കമാന്‍ഡര്‍ ഡെറക് ഫ്രാന്‍സ് പറഞ്ഞു.
ഏത് പ്രതികൂല സാഹചര്യത്തിലും യുദ്ധവിമാനങ്ങള്‍ പറത്താനും കൃത്യതയോടെ ബോംബ് വര്‍ഷിക്കാനും അമേരിക്കൻ സൈന്യത്തിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനില്‍ ഡിസംബറില്‍ ആരംഭിച്ച പ്രതിഷേധം ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. ജനുവരി 8 മുതല്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ഇതുവരെ ആറായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.