ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയോട് ചേർന്ന പ്രദേശങ്ങളിൽ പാക് ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്ന് തിരച്ചിൽ ആരംഭിച്ചു സുരക്ഷാസേന. മെൻധാർ സെക്ടറിലെ ബാലാകോട്ട്, ലാംഗോട്ട്, ഗുർസായി നല്ലാ എന്നിവിടങ്ങളിൽ ഞായറാഴ്ച രാത്രി 9.15 ഓടെ അതിർത്തിക്കപ്പുറത്ത് നിന്നും ഡ്രോണുകളുടെ നീക്കം ശ്രദ്ധയിൽപ്പെട്ടതായി മേഖലയിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നു. വളരെ ഉയരത്തിൽ ഡ്രോണുകൾ പറക്കുകയും 5 മിനിറ്റിനുള്ളിൽ പാകിസ്താൻ ഭാഗത്തേക്ക് മടങ്ങുകയും ചെയ്തു.
നിരീക്ഷണത്തിനായി ഡ്രോണുകൾ അയച്ചതാവാനാണ് സാധ്യതയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മയക്കുമരുന്നോ ആയുധങ്ങളോ ഡ്രോണുകളിലൂടെ അതിർത്തി കടത്തിയിട്ടില്ലെന്ന് ഉറപ്പു വരുത്തുന്നതിനായി, ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങൾ സുരക്ഷാ സേന വളഞ്ഞ് പുലർച്ചയോടെ തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.