നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പ്രതിഷേധം നടത്തിയ യുവപ്രക്ഷോഭകർക്കെതിരെ നിയമനടപടികളോ ശിക്ഷാനടപടികളോ സ്വീകരിക്കില്ലെന്ന് കേന്ദ്രസർക്കാർ ഔദ്യോഗികമായി ഉറപ്പുനൽകിയാൽ നിരാഹാരസമരം അവസാനിപ്പിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് അറിയിച്ചു. അത്തരമൊരു ഉറപ്പ് ലഭിക്കാത്ത പക്ഷം അനിശ്ചിതകാല നിരാഹാരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയ്ക്കും ജിതേന്ദ്ര സിംഗിനും അയച്ച കത്തിലൂടെയാണ് വാങ്ചുക് നിലപാട് അറിയിച്ചത്. നീതിയുക്തമായ വിദ്യാഭ്യാസ സംവിധാനത്തിനായാണ് യുവാക്കൾ സമരം നടത്തിയതെന്നും, അവരുടെ മേൽ പ്രതികാരനടപടികൾ ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കോക്ക്റോച്ച് ജനതാ പാർട്ടി’യുടെ നേതൃത്വത്തിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തിൻ്റെ ഭാഗമായി, ഡൽഹിയിലെ ജന്തർമന്തറിൽ ആരംഭിച്ച നിരാഹാരസമരം 25-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്ന് ആഴ്ച നീണ്ട സമരത്തിന് ശേഷം ഡൽഹി പൊലീസ് വാംഗ്ചുക്കിനെ ജന്തർമന്തറിൽ നിന്ന് മാറ്റിയെങ്കിലും, അദ്ദേഹം സമരം അവസാനിപ്പിക്കാൻ തയ്യാറായിരുന്നില്ല. നിലവിൽ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹം നിരാഹാരം തുടരുന്നത്.
അതേസമയം, മേദാന്ത ആശുപത്രിയിലെത്തി വാങ്ചുക്കിനെ സന്ദർശിച്ച കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിംഗും, പേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കുമെന്നും, വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്തുമെന്നും ഉറപ്പുനൽകിയതായി വാങ്ചുക് പറഞ്ഞു. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട ആവശ്യം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ച ചെയ്യാമെന്ന സൂചന മന്ത്രിമാർ നൽകിയതായും അദ്ദേഹം അറിയിച്ചു.