നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദം പാർലമെന്റിൽ വീണ്ടും വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. പ്രതിഷേധം അതിരൂക്ഷമായതിനെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 വരെ നിർത്തിവെച്ചു. നീറ്റ് വിഷയത്തിൽ തുടർച്ചയായ നാലാം ദിവസമാണ് പാർലമെന്റ് നടപടികൾ തടസ്സപ്പെടുന്നത്.

പാർലമെന്റ് കവാടത്തിന് മുന്നിൽ ഭരണ-പ്രതിപക്ഷ എംപിമാർ നേർക്കുനേർ എത്തിയതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചത്.

വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് ഭരണപക്ഷ എംപിമാരും പാർലമെണ്ട് കവാടത്തിലെത്തിയതോടെ ഇരു വിഭാഗങ്ങളും തമ്മിൽ രൂക്ഷമായ മുദ്രാവാക്യം വിളിയും വാക്കേറ്റവും ഉണ്ടായി. സ്ഥിതി വഷളായതോടെ ചില എംപിമാർ പരസ്പരം തള്ളിക്കയറിയതായും കൈയാങ്കളിയുടെ വക്കിലെത്തിയതായും റിപ്പോർട്ടുകളുണ്ട്.

തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ.സി. വേണുഗോപാൽ വ്യക്തമാക്കി. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധം രാജ്യതലത്തിൽ ശക്തമാകുന്നതിനിടെ പാർലമെന്റിലെ രാഷ്ട്രീയ പോരാട്ടവും കൂടുതൽ കടുപ്പമാകുകയാണ്.

Related Posts