സ്വകാര്യവ്യക്തികൾ കൈയേറിയ ഭൂമി മൈസൂരു വികസന അതോറിറ്റി (എം.ഡി.എ.) അധികൃതർ ഒഴിപ്പിച്ചു. നിരവധിപേർ വർഷങ്ങളായി കൈയടക്കിവെച്ചിരുന്ന ദേവനൂരിലെ ഒമ്പത് ഏക്കർ ഭൂമിയാണ് തിരിച്ചുപിടിച്ചത്. 90 കോടി രൂപയോളം വിലമതിക്കുന്നതാണ് തിരിച്ചുപിടിച്ച ഭൂമി. ഒഴിപ്പിക്കലിനിടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും കനത്ത പോലീസ് കാവലിൽ ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കി. കൈയേറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം.ഡി.എ. അസി. എക്സിക്യുട്ടീവ് എൻജിനിയർ കെ. സുനിതയും അറിയിച്ചു.
കൈയേറ്റക്കാർക്ക് നിരവധി തവണ നോട്ടീസ് നൽകിയിട്ടും ഭൂമി വിട്ടുനൽകാത്തതിനാലാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചതെന്ന് എം.ഡി.എ. കമ്മിഷണർ കെ.ആർ. രക്ഷിത് അറിയിച്ചു. എസ്കവേറ്ററുകൾ ഉപയോഗിച്ച് ഭൂമിയിലുണ്ടായിരുന്ന ഒട്ടേറെ ഷെഡ്ഡുകൾ പൊളിച്ചുമാറ്റി. കൈയേറ്റഭൂമിയിൽ നിർമ്മിച്ച വാഹന പാർക്കിങ് ഷെഡ്ഡുകളും പൊളിച്ചുമാറ്റി. തിരിച്ചുപിടിച്ച ഭൂമി വേലികെട്ടി സംരക്ഷിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. മൈസൂരുവിൻ്റെ വിവിധ ഭാഗങ്ങളിൽ എം.ഡി.എ.യുടെ ഉടമസ്ഥതയിലുള്ള ഏക്കറുകണക്കുന് ഭൂമി സ്വകാര്യവ്യക്തികൾ കൈയേറിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. ഇവർക്കെല്ലാം നോട്ടീസ് നൽകിയിട്ടുണ്ട്.