ബെംഗളൂരു നഗരത്തിൽ ലഹരിക്കടത്തിനും വിൽപ്പനയ്ക്കുമെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസും വിവിധ പോലീസ് സ്റ്റേഷനുകളും ചേർന്ന് നടത്തിയ പ്രത്യേക പരിശോധനയിൽ 15.29 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. ഒരു വിദേശ പൗരൻ ഉൾപ്പെടെ 17 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ പത്തുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
ഓപ്പറേഷനിൽ 13 കിലോ എംഡിഎംഎ, 181.3 ഗ്രാം കൊക്കെയ്ൻ, 15 ഗ്രാം ഹെറോയിൻ, 59.5 കിലോയോളം കഞ്ചാവ്, ഏഴ് കിലോ ഓപ്പിയം എന്നിവയാണ് പിടിച്ചെടുത്തത്. കൂടാതെ ആറ് മൊബൈൽ ഫോണുകൾ, ഒരു കാർ, രണ്ട് ഇരുചക്രവാഹനങ്ങൾ എന്നിവയും പ്രതികളിൽ നിന്ന് പോലീസ് കണ്ടുകെട്ടി.
വൈറ്റ്ഫീൽഡ്, കൊറമംഗല, ബാനസവാടി, മല്ലേശ്വരം, ചാമരാജ്പേട്ട്, പുലികേശിനഗർ എന്നീ പ്രദേശങ്ങളിലായിരുന്നു വ്യാപക പരിശോധന നടന്നത്. ലഹരിവസ്തുക്കൾ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിച്ച് ബെംഗളൂരു നഗരത്തിൽ വിതരണം ചെയ്തിരുന്നതായി പ്രതികൾ മൊഴി നൽകിയതായി അന്വേഷണ സംഘം വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നഗരത്തിൽ ലഹരിവ്യാപനം തടയുന്നതിനുള്ള പരിശോധനകളും കർശന നടപടികളും തുടരുമെന്ന് ബെംഗളൂരു സിറ്റി പോലീസ് അറിയിച്ചു.