സെക്രട്ടേറിയറ്റിന് മുന്നിൽ ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ (എൽ.പി.എസ്.ടി) നടത്തുന്ന സമരത്തിനിടെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഉദ്യോഗാർഥി വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
അതിനിടെ, എൽ.പി.എസ്.ടി സമരവുമായി ബന്ധപ്പെട്ട് പോലീസ് വീണ്ടും കേസെടുത്തു. നേരത്തെ പോലീസ് പൊളിച്ചുനീക്കിയ സമരപ്പന്തലുകൾ പുനഃസ്ഥാപിച്ചതിനാണ് ഡി.വൈ.എഫ്.ഐക്കും എൽ.പി.എസ്.ടി സമരസമിതിക്കുമെതിരെ കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ അഴിച്ചുമാറ്റിയത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ സമരപ്പന്തലുകൾ വീണ്ടും സ്ഥാപിക്കുകയായിരുന്നു. പോലീസിൻ്റെ നടപടികൾ തടസ്സപ്പെടുത്തിയെന്നാരോപിച്ച് യുവമോർച്ച പ്രവർത്തകർക്കെതിരെയും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.