ബെംഗളൂരുവിൽ വാഹനമടക്കി പരിശോധിച്ചതിനെ തുടർന്ന് ട്രാഫിക് പൊലീസുകാരനെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അറസ്റ്റിൽ. ഗോട്ടിഗെരെയ്ക്ക് സമീപം ഹുളിമാവ് ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ജെ.ഡി.എസ് നേതാവ് മഞ്ജുനാഥ് സി. എന്ന ഗോട്ടിഗെരെ മഞ്ജണ്ണയാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. എതിർദിശയിൽ നിന്നുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനായി ട്രാഫിക് കോൺസ്റ്റബിൾ അരുൺ മഞ്ജണ്ണയുടെ വാഹനം കൈകാണിച്ച് നിർത്തുകയായിരുന്നു.

വാഹനം നിർത്തിയതിൽ പ്രകോപിതനായ മഞ്ജണ്ണ പൊലീസുകാരുമായി തർക്കിക്കുകയും കോളറിൽ പിടിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ചവിട്ടാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവരും മറ്റ് ട്രാഫിക് പൊലീസുകാരും ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്. തുടർന്ന് പൊലീസിൻ്റെ പരാതിയിൽ ഹുളിമാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് മഞ്ജണ്ണയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Posts