പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ്റെ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രി. ഇറാന്റെ നയതന്ത്ര ചർച്ചകളിലും ആണവ പദ്ധതികളിലും നിർണായക പങ്കുവഹിച്ചിരുന്ന മുതിർന്ന നേതാവാണ് അലി ലാരിജാനി.
ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള തന്ത്രപ്രധാനമായ കെട്ടിടത്തിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനയ്യുടെ വിശ്വസ്തനായാണ് അദ്ദേഹം അറിയപ്പെടുന്നത്.
ലാരിജാനിയുടെ മരണത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ, ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് കടുത്ത ഭാഷയിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.