ഗൾഫ് മേഖലയെ കടുത്ത ആശങ്കയിലാക്കി ബഹ്റൈനിലെ പ്രധാന എണ്ണക്കമ്പനിയായ ബാപ്കോയുടെ എനർജി കോംപ്ലക്സിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണം. ഇസ്രയേൽ തങ്ങളുടെ ഊർജ നിലയങ്ങൾ ആക്രമിച്ചാൽ അയൽരാജ്യങ്ങളെയും ലക്ഷ്യമിടുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സിത്ര ദ്വീപിലെ റിഫൈനറിക്ക് നേരെ ആക്രമണമുണ്ടായത്.
സിത്രയിലെ ജനവാസ മേഖലകളിലും മിസൈലുകൾ പതിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മൂന്നാഴ്ചയായി തുടരുന്ന പശ്ചിമേഷ്യയിലെ യുദ്ധം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്.
ബഹ്റൈനിലെ എൽഎൻജി പ്ലാന്റുകളെയും റിഫൈനറി യൂണിറ്റുകളെയും മിസൈലുകളും ഡ്രോണുകളും ലക്ഷ്യമിട്ടതോടെ ബാപ്കോ എനർജി ‘ഫോഴ്സ് മജൂർ’ അഥവാ അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം കരാറുകൾ പാലിക്കാൻ കഴിയില്ലെന്ന ഔദ്യോഗിക ഉത്തരവിറക്കി. ഇതോടെ ബഹ്റൈനിൽ നിന്നുള്ള എണ്ണ കയറ്റുമതി, ഗ്യാസ് എന്നിവ തടസപ്പെട്ടു.
ഇറാന്റെ പ്രധാന വാതകപ്പാടമായ സൗത്ത് പാഴ്സ് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണം യുഎസിന്റെ അറിവോടെയല്ലെന്നാണ് ട്രംപ് പറഞ്ഞത്. ഇറാൻ ഇനി മറ്റ് ഗൾഫ് രാജ്യങ്ങളെയോ നിരപരാധികളെയോ ആക്രമിക്കുന്നില്ലെങ്കിൽ, ഇസ്രയേൽ ഇനി ഇറാന്റെ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിക്കില്ലെന്ന് ട്രംപ് ഇറാന് ഉറപ്പ് നൽകി.