2026ലെ ഐ.പി.എൽ മത്സരങ്ങൾ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തന്നെ നടക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി. ഐപിഎല്‍ 2025 വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ മരിക്കാനിടയായ സാഹചര്യത്തിൽ, ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇത്തവണ ഐപിഎല്‍ മല്‍സരങ്ങള്‍ ഉണ്ടാവില്ലെന്നും ബംഗളൂരുവിൻ്റെ 2026ലെ എല്ലാ ഹോം മത്സരങ്ങളും മറ്റൊരു വേദിയിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

“ഞാൻ ഒരു ക്രിക്കറ്റ് പ്രേമിയാണ്. കർണാടകയിൽ ഉണ്ടായ അപകടം വീണ്ടും സംഭവിക്കില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും, ബെംഗളൂരുവിൻ്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന രീതിയിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തും,” ഉപമുഖ്യമന്ത്രി പറഞ്ഞു. ടൂർണമെന്റ് നിലനിർത്താനാണ് സംസ്ഥാനത്തിൻ്റെ ഉദ്ദേശ്യമെന്ന് ശിവകുമാർ ആവർത്തിച്ചു. “ഞങ്ങൾ ഐ‌പി‌എൽ മറ്റൊരിടത്തേക്ക് മാറ്റില്ല, ചിന്നസ്വാമി സ്റ്റേഡിയത്തിൽ തന്നെ അത് തുടർന്നും നടത്തും. ബെംഗളൂരുവിൻ്റെയും കർണാടകയുടെയും അഭിമാനമാണിത്, ഇത് ഞങ്ങൾ നിലനിർത്തും,” അദ്ദേഹം പറഞ്ഞു.

ഐ.പി.എൽ 2026 ലേലം ഡിസംബർ 16ന് അബുദബിയിൽ നടക്കും, വിദേശത്ത് നടക്കുന്ന തുടർച്ചയായ മൂന്നാമത്തെ ലേലമാണിത്.

Related Posts