സഹപ്രവർത്തകനുമായി പ്രണയത്തിലായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ അങ്കൂർ പട്ടേൽ (31) അമേരിക്കയിൽ അറസ്റ്റിൽ. വിസ്കോൺസിനിൽ താമസിച്ചിരുന്ന ഇയാൾ 32കാരിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

ഭാര്യ മാസങ്ങളായി അങ്കൂറുമായി അകൽച്ചയിലായിരുന്നു. ലൂസിയാനയിലേക്ക് താമസം മാറിയ യുവതി മുൻ സഹപ്രവർത്തകനുമായി പുതിയ ജീവിതം ആരംഭിച്ചിരുന്നു. മകളെ കാണാമെന്ന വ്യാജേന ഭാര്യയെ ചിക്കാഗോയിലെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയ അങ്കൂർ, മകൾ അവിടെയില്ലെന്ന് മനസ്സിലായതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ കത്തികൊണ്ട് കഴുത്തിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

യുവതി ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് കൂടെയെത്തിയ പങ്കാളി പൊലീസിനെ വിവരമറിയിച്ചു. ഇതിനിടെ കത്തി ഉപേക്ഷിച്ച് വസ്ത്രങ്ങൾ വാങ്ങി വിമാനത്താവളത്തിലെത്തിയ അങ്കൂർ, അടുത്ത ദിവസം ഇന്ത്യയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. ഭാര്യയെ കൊലപ്പെടുത്താൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നില്ലെന്നും തന്നോടൊപ്പം മടങ്ങിവരാൻ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും അങ്കൂർ പൊലീസിനോട് സമ്മതിച്ചതായാണ് റിപ്പോർട്ട്. ഇയാൾക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി.

Related Posts