അപ്രതീക്ഷിതമായ ജഗ്ദീപ് ധൻകറിൻ്റെ രാജിയുടെ പശ്ചാത്തലത്തിൽ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായി പാർലമെൻറിലെ ഇരുസഭകളിലെയും അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇലക്ടറൽ കോളേജ് രൂപവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ചു.
റിട്ടേണിംഗ് ഓഫീസർമാരെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിന് തീരുമാനിച്ചു കൊണ്ടിരിക്കുകയാണെന്നും കമ്മീഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഷെഡ്യൂൾ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതിനുശേഷമായിരിക്കും പ്രഖ്യാപിക്കുക. അടുത്ത ഉപരാഷ്ട്രപതിയായി പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാളെയാകും എൻഡിഎ പരിഗണിക്കുക എന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രിയും എൻഡിഎയുടെ സഖ്യകക്ഷിയായ ജെഡിയു നേതാവുമായ രാംനാഥ് ഠാക്കൂറിൻ്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിൻ്റെ അപ്രതീക്ഷിത രാജി സർക്കാരുമായുള്ള അഭിപ്രായ ഭിന്നതയാണ് പിന്നിലെന്നാണ് സൂചന. ഇന്നലെ രാവിലെ രാജിക്കത്ത് രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമുണ്ടായ സംഭവങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. രാത്രി 9.25ന് എക്സ് അക്കൗണ്ടിലൂടെ ധൻകർ തന്നെയാണ് രാജി പ്രഖ്യാപിച്ചത്.
രാജ്യസഭയിൽ വർഷകാല സമ്മേളനം തുടങ്ങിയ ദിവസം ധൻകർ സജീവമായിരുന്നു. എന്നാൽ, ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെന്റ് പ്രമേയത്തിനുള്ള പ്രതിപക്ഷ നോട്ടീസ് സ്വീകരിച്ചത് സർക്കാരിന്റെ അപ്രീതിക്ക് കാരണമായെന്നാണ് വിവരം. സർക്കാരിന് ഇതിലൂടെ ജഡ്ജിക്കെതിരെയും ജുഡീഷ്യറിയിലെ അഴിമതിക്കെതിരെയും നടപടി സ്വീകരിക്കാനുള്ള അവസരം നഷ്ടമായി.
ധൻകറും രാജ്യസഭാനേതാവും മന്ത്രിയുമായ ജെ പി. നദ്ദയും ഇതേച്ചൊല്ലി ഫോണിൽ ദീർഘനേരം തർക്കിച്ചതായും വിവരമുണ്ട്. വൈകുന്നേരം നടന്ന രാജ്യസഭ ബിസിനസ് അഡ്വൈസറി യോഗത്തിൽ ജെ.പി. നദ്ദയും പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജ്ജുവും പങ്കെടുത്തിരുന്നില്ല. ധൻകറും സർക്കാരുമായുള്ള ബന്ധത്തിൽ അടുത്തകാലത്ത് വിള്ളലുണ്ടായെന്നും സൂചനയുണ്ട്. ഇതിൻ്റെ തുടർച്ചയായാണ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള രാജി.